ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ റയൽ ലക്ഷ്യം വച്ചിരിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് പോൾ പോഗ്ബയെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ ഒന്നടങ്കം റിപ്പോർട്ടു ചെയ്യുന്നത്. പോഗ്ബ തനിക്കു പ്രിയപ്പെട്ട കളിക്കാരിലൊരാളാണെന്ന് റയൽ പരിശീലകൻ സിദാൻ വെളിപ്പെടുത്തിയതും റയലിലേക്കു ചേക്കേറുകയെന്നത് ഏതൊരു ഫുട്ബോൾ താരത്തിന്റെയും ലക്ഷ്യമാണെന്ന് പോഗ്ബ പറഞ്ഞതും ഇതിനോടു ചേർത്തു വെക്കാം. സിദാൻ പരിശീലകനായി എത്തിയതിനു ശേഷമാണ് തന്റെ റയൽ മോഹം പോഗ്ബ വെളിപ്പെടുത്തിയത്. ഈ സീസണിലെ തകർച്ചയിൽ നിന്നും റയലിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ സ്പാനിഷ് ക്ലബിലേക്ക് നിരവധി താരങ്ങളെ ആവശ്യമാണ്. എന്നാൽ സ്വന്തം ടീമിനെ മെച്ചപ്പെടുത്താൻ തങ്ങളുടെ ടീമിലെ ഏറ്റവും പ്രധാന താരത്തെ സ്വന്തമാക്കാനുള്ള റയലിന്റെ നീക്കത്തെ തടയാൻ പോഗ്ബക്ക് പുതിയൊരു വാഗ്ദാനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തെത്തിയിട്ടുണ്ട്.

ഈ സീസണു ശേഷം ടീമിന്റെ സ്ഥിരം നായകസ്ഥാനം പോഗ്ബക്കു നൽകാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യം വെക്കുന്നത്. അടുത്ത സീസണിൽ അന്റോണിയ വലൻസിയ ടീം വിടുമെന്നുറപ്പായതോടെ ഒരു സ്ഥിരം നായകൻ റയലിന് ആവശ്യമാണ്. വലൻസിയയുടെ അഭാവത്തിൽ ആംബാൻഡണിയുന്ന മുപ്പത്തിമൂന്നുകാരനായ അഷ്ലി യങ്ങ് അടുത്ത സീസണിൽ ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യമാകുമെന്ന് ഉറപ്പില്ലാത്തതിനാൽ പോഗ്ബയെയാണ് യുണൈറ്റഡ് നായകസ്ഥാനത്തേക്കു പ്രധാനമായും പരിഗണിക്കുന്നത്. ഈ സീസണിൽ പോഗ്ബക്കു പുറമേ സ്മാളിങ്ങ്, ഡി ഗിയ എന്നിവർ ചില മത്സരങ്ങളിൽ ടീമിന്റെ നായകനായിരുന്നെങ്കിലും സോൾഷയറിനു താൽപര്യം ഫ്രഞ്ച് താരത്തിലാണ്. റയലിലേക്കു ചേക്കേറാനുള്ള താരത്തിന്റെ താൽപര്യം ഒഴിവാക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

ഈ സീസണിന്റെ തുടക്കത്തിൽ പോഗ്ബ ടീം വിടാതിരിക്കാൻ താരത്തിന് വൈസ് ക്യാപ്റ്റൻ പദവി യുണൈറ്റഡ് നൽകിയിരുന്നു. എന്നാൽ മൊറീന്യോയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് പിന്നീട് തൽസ്ഥാനത്തു നിന്നു താരത്തെ നീക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയിൽ ഏവർക്കും താൽപര്യമുള്ള താരമാണ് പോഗ്ബ. ഫ്രാൻസ് ലോകകിരീടം നേടിയപ്പോൾ അതിൽ പോഗ്ബയുടെ നേതൃഗുണവും ചർച്ചയായിരുന്നു. അതു കൊണ്ടു തന്നെ താരം അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകനാവാൻ സാധ്യത കൂടുതലാണ്. റയലിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ നീക്കം.

COPYRIGHT WARNNING !