ബുണ്ടസ് ലിഗ ക്ലബ് ഐന്ത്രാഷ്ട് ഫ്രാങ്ക്ഫർടിന്റെ താരമായ ലൂക ജോവിച്ചാണ് യൂറോപ്യൻ ട്രാൻസ്ഫർ വിപണിയിൽ ഇപ്പോൾ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഈ സീസണു ശേഷം സെർബിയൻ സ്ട്രൈക്കറെ ആരു സ്വന്തമാക്കുമെന്നതാണ് പ്രധാന ചോദ്യം. ഇരുപത്തിയൊന്നു വയസു മാത്രം പ്രായമുള്ള ജൊവിച്ച് ഈ സീസണിലിതു വരെ ഇരുപത്തിയഞ്ചു ഗോളുകൾ ജർമൻ ക്ലബിനു വേണ്ടി നേടിക്കഴിഞ്ഞു. ഫ്രാങ്ക്ഫർടിനെ യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനൽ വരെയെത്തിക്കാനും താരത്തിന്റെ പ്രകടനത്തിനായി. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളായ ബാഴ്സലോണ, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നിവരാണ് ഈ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന താരത്തിനു പിന്നാലെയുള്ളത്.

മാഡ്രിഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാധ്യമമായ മാർക്കയുടെ ഏറ്റവും പുതിയ റിപ്പോർട്ടു പ്രകാരം ജൊവിച്ചിനെയാണ് റയൽ മാഡ്രിഡ് തങ്ങളുടെ നമ്പർ നയൻ പൊസിഷനിലേക്കു കണ്ടെത്തിയിരിക്കുന്നത്. എഴുപതു ദശലക്ഷം യൂറോ താരത്തിനു നൽകാനും റയൽ തയ്യാറാണെന്ന് മാർക്ക വെളിപ്പെടുത്തുന്നു. ഒമർ മഷാരൽ, ജീസസ് വല്ലേഹോ എന്നിവരുടെ ലോൺ ഡീലുകൾ കാരണം ജർമൻ ക്ലബും റയൽ മാഡ്രിഡും തമ്മിൽ മികച്ച ബന്ധമാണുള്ളത്. അതു കൊണ്ടു തന്നെ താരത്തെ സ്വന്തമാക്കാനുള്ള ആദ്യത്തെ ചാൻസ് റയലിനു തന്നെയായിരിക്കും. എന്നാൽ ഏതു ക്ലബിലേക്കു ചേക്കേറണമെന്ന കാര്യത്തിൽ ജൊവിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

നേരത്തെ ബാഴ്സയായിരുന്നു ജൊവിച്ചിനെ സ്വന്തമാക്കാൻ ഏറെ സാധ്യതയുണ്ടായിരുന്ന ടീം. എന്നാൽ ബാഴ്സയിലെത്തിയാൽ സുവാരസിനു പിന്നിൽ പകരക്കാരന്റെ സ്ഥാനമാകുമെന്നതു കൊണ്ട് ജൊവിച്ചിനു ട്രാൻസ്ഫറിൽ താൽപര്യം കുറവാണ്. റയലിലെത്തിയാലും അതു തന്നെയായിരിക്കും ചിലപ്പോൾ താരത്തിന്റെ അവസ്ഥയെന്നതാണ്. സിദാന്റെ പ്രിയപ്പെട്ട താരവും ഈ സീസണിൽ റയലിന്റെ ടോപ് സ്കോററുമായ ബെൻസിമയെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കാൻ സാധ്യത കുറവാണ്. സെർബിയൻ താരത്തിന്റെ തീരുമാനം തന്നെയായിരിക്കും ഇക്കാര്യത്തിൽ നിർണായകമാവുക.

COPYRIGHT WARNNING !